Friday, February 11, 2011

"എന്‍.എം.ഹുസൈനുമായി പര്‍ദ്ദയിട്ടൊരു സംവാദം."

(സംവാദത്തില്‍ പങ്കെടുക്കാന്‍ ആവേശപൂര്‍വം)
ശ്രീ.എന്‍.എം.ഹുസൈന്റെ ഏഴയലത്തു വിവരമില്ലെന്നു സമ്മതിക്കുന്ന, എന്നാല്‍ ഹുസൈന്റെ ശക്തനായ വക്കീലായ ശ്രീ സത്യാന്വേഷി (കക്ഷികളെക്കാള്‍ വക്കീലന്മാര്‍ക്കു വിവരമുണ്ടാകുമെന്ന ധാരണയാലാണ് എല്ലാവരും വക്കീലിനെ വെയ്ക്കുന്നത്, പക്ഷെ പാവം ഹുസൈന്‍ !!) ഇപ്പോള്‍ ഹാലിളകി സര്‍വമാന യുക്തിവാദികളെയും നേരിട്ടു സംവാദത്തിനു ക്ഷണിക്കുന്ന സ്നേഹസംവാദകാലമാണ് ബൂലോകത്ത്. ഹുസൈന്റെ നിക്കറുകീറി, അദ്ദേഹത്തിന്റെ സംവാദച്ചന്തികളില്‍ വിക്സ്  തേച്ചുവിട്ട കുപ്രസിദ്ധ പ്രതികളായ കാളിദാസന്‍, കെപി, ജാക്ക്റാബിറ്റ്, ബ്രൈറ്റ്, ഉദയഭാനു,............തുടങ്ങിയ പ്രഭൃതികളെ സംവാദത്തിനു ക്ഷണിച്ച്, സംവാദമുറി പുറത്തുനിന്ന് അടച്ച് കുറ്റിയിട്ട്, സ്വയം മനുഷ്യബോംബായി പൊട്ടിത്തെറിച്ച് (കടപ്പാട് നിസ്സഹായനോട്), യുക്തിവാദി സംഘങ്ങളിലൊന്നും അംഗങ്ങളല്ലാത്ത മേല്പടിയാന്മാരെ വംശനാശം വരുത്താനാണോ സത്യാന്വേഷിയിങ്ങനെ അലറിവിളിച്ച് സംവാദത്തിനു ക്ഷണിക്കുന്നതെന്ന് സംശയിക്കുന്നവരുണ്ടെങ്കില്‍ നിങ്ങള്‍ മഠയന്മാര്‍(കടപ്പാട് ശ്രീ.എന്‍.എം.ഹുസനോട് ) !!! ഇവരാരും സംവാദത്തിനു നേരിട്ട് ഹാജരാകില്ലെന്നു നൂറുശതമാനം ഉറപ്പുള്ളതു കൊണ്ട് മാത്രമാണ് സത്യാന്വേഷി ഈ അത്യാഹിതത്തിന് ഇറങ്ങിപ്പുറപ്പെട്ടത് എന്നാണ് എന്റെ പക്ഷം.

ബ്ലോഗെഴുതുന്നവരില്‍ പലരും ഔദ്യോഗികമോ വ്യക്തിപരമോ ആയ കാരണങ്ങളാല്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താറില്ല. അതിനുള്ള കാരണം ആരായേണ്ട കാര്യമില്ല. ചിലപ്പോള്‍ ചിലര്‍ക്ക് ഒന്നിലധികം ഐഡന്റിറ്റികളുണ്ടായിരിക്കുകയും ചെയ്യാം. അതൊക്കെ അവനവന്റെ സൌകര്യം. സത്യാന്വേഷി പോലും ബ്ലോഗെഴുതുന്നത് സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ചാണെന്ന് കാളിദാസനോട് തന്നെ വെളിപ്പെടുത്തിയതാണ്. കാളിദാസനും ആരാണെന്നത് ബൂലോകത്ത് ഒരു പ്രശ്നമാകേണ്ടതില്ല. അത്തരം സ്വാതന്ത്ര്യമാണ് ബ്ലോഗെഴുത്ത് നല്‍കുന്നത്. എഴുതിയ സാധനങ്ങള്‍ക്ക് അവാര്‍ഡു വെല്ലതും കിട്ടുകയാണെങ്കില്‍ അതുവാങ്ങിയെടുക്കാന്‍ മാത്രമേ ഐഡന്റിറ്റിയൊക്കെ വെളിപ്പെടുത്തേണ്ട കാര്യമുള്ളു എന്നാണ് എന്റെ ലൈന്‍. മാതൃഭൂമിയില്‍ പ്രസിദ്ധീകരണത്തിനു തിരഞ്ഞെടുത്താല്‍ പോലും ഐഡന്റിറ്റി അവര്‍ ആവശ്യപ്പെടുന്നില്ലെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. ഒരാള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് എതിരാളിക്ക് മറുപടി പറയാന്‍ കഴിയുന്നുണ്ടോ എന്നതു മാത്രമാണ് പ്രസക്തമായ വിഷയം.

സത്യാന്വേഷി മേല്‍പടിയാന്മാരെ നേരിട്ടുള്ള സംവാദത്തിന് ക്ഷണിച്ചപ്പോള്‍ അവര്‍ അതിനു തയ്യാറാകാത്തതും ഹുസൈന്‍ ജയിച്ചു എന്നതിനു തെളിവായാണ് അദ്ദേഹം ഹാജരാക്കുന്നത്. ബൂലോകത്തെ സംവാദത്തിനു കൃത്യമായ മറുപടി കൊടുക്കാന്‍ കഴിവില്ലാത്ത ഹുസൈനു വേണ്ടി, നേരിട്ടുള്ള സംവാദത്തിനു വെല്ലുവിളിച്ചിട്ടും ഹാജരാകാന്‍ തയ്യാറല്ലാത്തതിനാല്‍ ഹുസൈന്റെ മുന്‍പില്‍ പരാജയഭീതിയുള്ളതിനാലാണ് എന്നു വരുത്തിത്തീര്‍ക്കുന്ന സത്യാന്വേഷിയെ നേരിടാന്‍ കാളിദാസാദികള്‍ക്കു മുന്‍പില്‍ ഒരു പുതിയ മാര്‍ഗം നിര്‍ദേശിക്കുകയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശ്യം.

ഒരാള്‍ക്ക് സ്വന്തം ഐഡന്റിറ്റി / വ്യക്തിത്വം സമ്പൂര്‍ണമായി മറച്ചുവെച്ച് എന്നാല്‍ മറ്റുള്ളവരുടെ ഐഡന്‍റ്റിറ്റി നേരിട്ടു മനസ്സിലാക്കാനും ലോകത്തിലെ ഏതു മനുഷ്യസമൂഹങ്ങളിലും അവരുടെ ജീവിതവ്യവഹാരങ്ങളിലും ഇടപെടാനും പര്യാപ്തമായ ഒരു സംവിധാനം ഈ ലോകത്തെ പഴയ ശാസ്ത്രം പോകട്ടെ അത്യന്താധുനികശാസ്ത്രത്തിനു പോലും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മതങ്ങള്‍ക്ക് അതിനു കഴിയുമെന്നു പറഞ്ഞാല്‍ വെടിപറച്ചിലായിപ്പോകും. എന്നാല്‍ ഇസ്ലാമതത്തിനു മാത്രമെ അതിനു കഴിഞ്ഞിട്ടുള്ളു എന്നതാണ് സത്യം. അപ്പോള്‍ എന്താണ് ആ സംവിധാനം എന്ന് വംശീയതയോളം വരുന്ന മുസ്ലീംവിരുദ്ധത സ്വന്തമാക്കിയിട്ടുള്ള എല്ലാവര്‍ക്കും മനസ്സിലായിക്കാണും. മനസ്സിലാകാത്ത നിഷ്ക്കളങ്കര്‍ക്കു വേണ്ടി എടുത്തു പറയാം. അതാണ് പര്‍ദ്ദ.

അപ്പോള്‍ ആളാരാണെന്നു വെളിപ്പെട്ടു പോകുമെന്ന ഭയത്താല്‍ സത്യാന്വേഷിയുടെ 916 കാരറ്റ് സംവാദവെല്ലുവിളിയെ ഏറ്റെടുക്കാന്‍ ധൈര്യമില്ലാത്ത കാളിദാസനുമാത്രമല്ല, അത്തരം ഭയമുള്ള ആര്‍ക്കും പര്‍ദ്ദ ധരിച്ചുകൊണ്ട് നേരിട്ടു സംവദിച്ചുകൂടെ ??!! വെറും പര്‍ദ്ദ വേണ്ട നിങ്ങളുടെ കണ്ണുകള്‍ മാത്രം കാണാന്‍ പാകത്തിലുള്ള, ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകള്‍ക്കുശേഷം കേരളീയ സമൂഹത്തില്‍ വ്യാപകമായി തള്ളിക്കയറിവന്ന 'സുരക്ഷിതപ്പര്‍ദ്ദ' തന്നെ ധരിക്കാവുന്നതാണെല്ലോ. ഇനി നിങ്ങളുടെ കണ്ണുകളും എതിരെയിരിക്കുന്ന സംവാദികള്‍ കണ്ടുപോകുമെന്നുള്ള ഭയമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് 'കരുണാനിധി'മോഡല്‍ ജനങ്ങളുടെ കണ്ണില്‍ നോക്കാനും എന്നാല്‍ അവര്‍ക്ക് ഒരിക്കലും വെളിപ്പെട്ടു കൊടുക്കാത്ത കറുത്ത കണ്ണടയും വെയ്ക്കാം.

ഇതുവരെ പര്‍ദ്ദ ധരിച്ചിട്ടില്ലാത്തതിനാല്‍ നാണമാകുന്നുണ്ടെങ്കില്‍ നമുക്ക് സത്യാന്വേഷിയോടും പര്‍ദ്ദ ധരിക്കാന്‍ അഭ്യര്‍ത്ഥിക്കാം. അദ്ദേഹം കടുംപച്ചനിറത്തിലുള്ള പര്‍ദ്ദ തന്നെ ധരിക്കട്ടെ. ആള്‍ മോഡറേറ്ററായി ഇരിക്കുമ്പോള്‍  ഒരു വ്യത്യസ്തതയായിക്കോട്ടെ. ആത്മവിശ്വാസക്കുറവ്, സഭാകമ്പം, വിറയല്‍, ചമ്മല്‍,...ആദിയായ കോംപ്ലക്സുകളെ സമര്‍ത്ഥമായി മറയ്ക്കാന്‍ പര്‍ദ്ദയിട്ടുകൊണ്ടുള്ള സംവാദം ഏറ്റവും പ്രയോജനകരമായിരിക്കും. ഹുസൈന്‍ കൈരളി ടിവിയില്‍ നേരിട്ടു പ്രത്യക്ഷപ്പെട്ട് രവിചന്ദ്രനെ നിലംപരിശാക്കിയതു കൊണ്ടുള്ള ആത്മവിശ്വാസം ആവോളമുള്ളതിനാല്‍ അദ്ദേഹത്തിനെ പര്‍ദ്ദ ധരിപ്പിക്കേണ്ടതില്ല എന്നാണ് എന്റെ നിര്‍ദേശം. സംവാദികള്‍ പര്‍ദ്ദ ധരിച്ചിട്ടുള്ളതിനാല്‍ ആളാരാണെന്ന് പ്രേക്ഷകര്‍ക്കു മനസ്സിലാകാന്‍ പാകത്തില്‍ പര്‍ദ്ദയിന്മേല്‍ പേരെഴുതിയ ബോര്‍ഡു തൂക്കുന്നത് നന്നായിരിക്കും.

ഇത്രയും നല്ല ഒരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചിട്ടും സംവാദത്തിനു തയ്യാറാകുന്നില്ലെങ്കില്‍ ഹുസൈന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ശാസ്ത്രജ്ഞാനമുള്ള കാളിദാസാദികള്‍ക്കെന്നല്ല, അതു ലവലേശമില്ലാത്ത സംഘടിത യുക്തിവാദികള്‍ക്കും കഴിവില്ലെന്ന കാര്യം ഉറക്കെ പ്രഖ്യാപിക്കുവാന്‍ ഞാന്‍ തെല്ലും മടി കാണിക്കുന്നില്ല .